Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

വാക്കിന്‍ പൂക്കളം


പൂവേപൊലി പൂവേപൊലി
പൂവിളികളുമായി…
പൂക്കൂടയുമായി തൊടിയാകെയലഞ്ഞു..
പൂവാംകുരുന്നുകള്‍ മിഴിനീട്ടി നില്കും
പുലരിയില്‍ ഞാനോണ
പൂതേടിയ കാലം..


തെക്കേതൊടിയിലെ പച്ചിലകൂട്ടത്തില്‍
തൂവെളള പട്ടിട്ട ചേലൊത്ത പൂവ്
രാജകുമാരിയാം ഓമനപ്പൂവ്
തുമ്പപ്പൂവാകും കുരുന്നുപൂവ്


തറയില്‍ പടര്‍ന്നും തലതാഴ്ത്തി നിന്നും
നാണിച്ചു മിഴിപൂട്ടും പാവം പൂവ്
സൂര്യകിരണം പോല്‍ ഇതള് നീട്ടിടുന്ന
ചേലൊത്ത പൂവല്ലൊ തൊട്ടാവാടി…


വഴിയോരത്തൊഴുകും ചെറുതോടിന്‍ കരയില്‍,
പതുങ്ങി വളരുന്ന കറുത്ത പൂവ്
ഏഴഴകൊത്ത നാടന്‍ പൂവ്
ഇതളുകള്‍ നീട്ടും കാക്കപ്പൂവ്..


നിവര്‍ന്ന് നില്ക്കും തലയെടുപ്പോടെ
കുലകുലയായി കുരുന്നുപൂക്കള്‍..
തേനൂറും ഇതളുകള്‍ ചേലില്‍ നിവര്‍ത്തി
കാറ്റത്തിളകുന്നു തെച്ചിപ്പൂക്കള്‍...


മാവേലിനാടിന്‍ ഐശ്വര്യം പോലെ
മഞ്ഞക്കിളിയുടെ തൂവല്‍പോലെ
തിങ്ങി നിറയും പൂവിതള്‍ കാട്ടി..
കറ്റില്‍ ചാഞ്ചാടും ജമന്തിപൂവ്


വശ്യമനോജ്ഞ സുഗന്ധവുമായ്
വെള്ളപുടവയുടുത്തപോലെ..
പാലച്ചെടിയുടെ പൂഞ്ചില്ലയില്‍
പുഞ്ചിരിതൂകും പാലപ്പൂവ്


തിരയില്‍ ഇളകും കടല്‍ശംഖു പോലെ
കമനീയമാകും രൂപ ഭംഗി..
ആകാശ നീലിമ കടംകൊണ്ടാ വല്ലിയില്‍
ഇളകിയാടുന്നു ശംഖ് പുഷ്പം..


മിനുമിനെ മിന്നും നൂല്‍പന്തുപോലെ
മൃദുല മനോഹരിയായ പുഷ്പം
പൊള്ളുന്ന വെയിലിലും കാലങ്ങളോളം
തളരാതെ നില്കും വാടാമല്ലി… 


ചോര നിറത്തില്‍ അഞ്ചിതളുകളോടെ
കൂട്ടത്തില്‍ വലിയൊരു പൂ ചിരിച്ചു..
പൂജയ്ക്കിറുക്കും ഏളിയപൂവ്..
അതിരില്‍ വളരുന്ന ചെമ്പരത്തി..


സുവര്‍ണ്ണക്കതിരു വിടര്‍ന്ന പോലെ
കേരവൃക്ഷാഗ്രത്തില്‍ വിടര്‍ന്നുലയും
നയനമനോഹരമായ ദൃശ്യം
വിടര്‍ന്ന് വിളങ്ങും തെങ്ങിന്‍പൂവ്

വീണ്ടും വേണു ഗാനം



പാറക്കെട്ടുകള്‍ തീര്‍ത്ത മതില്‍കെട്ടില്‍
ഇരുന്നു ഞാനെന്റെ വേണുവൂതി.
ആദ്യാനുരാഗ വിരഹ നൊമ്പരം
അലിവിന്റെ രാഗത്തില്‍ ഇഴുകിയൊഴുകി.

പച്ചില ചാർത്തിലൂടൂർന്നൂർന്നിറങ്ങും 
സ്വച്ഛമാം തെളിനീരുരവകളും.
പൊന്മുളങ്കാട്ടിലെ പച്ചിലക്കൂട്ടിലെ
കുഞ്ഞാറ്റകുരുവിയും കുഞ്ഞുങ്ങളും,


വര്‍ണ്ണദളങ്ങളില്‍ മധുതേടി അലയും
സുവർണ്ണച്ചിറകുള്ള ശലഭങ്ങളും,
വൃന്ദാവനത്തിലെ ഗോക്കളെപ്പോലെന്റെ
വേണു ഗാനം ശ്രവിച്ചിരുന്നുവെന്നോ?!!!

കളകളം പാടി കല്‍ക്കൂട്ടങ്ങളെ ചുംബി-
ച്ചീറ്റതലപ്പില്‍ തലോടിയൊഴുകും,
കാട്ടാറുമെന്നുടെ ശോകഗാനത്തില്‍
അലിഞ്ഞിറ്റുനേരം ഒഴുകാതിരുന്നോ?!!

ജീവിത നൊമ്പര തടവിലിരുന്നു ഞാന്‍
അദ്യാനുരാഗത്തിൻ രാഗമൂതി,
എന്മനോറാണീ നിന്നോർമ്മകളിൽമൃദു 
അനുരാഗഗാനം ഉതിർന്നിടട്ടെ ....


നാട്ടു വിശേഷം

പൊന്‍കിരണം തഴുകിയണഞ്ഞു,
പുതുമഞ്ഞിന്‍ തുള്ളിയുണര്‍ന്നു.
പൂങ്കാറ്റ് തലോടും നേരം
പുല്‍ക്കൂട്ടം ചാഞ്ചാടുന്നു.

പൂങ്കുരുവികള്‍ തേന്‍ നുകരുമ്പോള്‍,
പൂച്ചെടികള്‍ ആനന്ദിച്ചു.
പുഴയൊഴുകും പാതയിലെല്ലാം
പരല്‍മീനുകള്‍ നിന്തി രസിച്ചു.

പൊല്‍താമര പൂവിനോടായ്
പൊന്‍ വണ്ടുകള്‍ കിന്നരിച്ചു,
പുഴു വലുതായ് പട്ടു ധരിച്ചു
പൂമ്പാറ്റയായ് പാറിനടന്നു.

പുള്ളിമാനുകള്‍ തുള്ളിച്ചാടും
പൂവനവും പൂളകിതമായി,
പ്രാവുകളുടെ കുറുകലിനോപ്പം
പാടുന്നാ കാട്ടരുവികളും.

പൊന്‍മയിലോ പീലിവിടര്‍ത്തി
പുതുമഴയും പെയ്തിറങ്ങി.
പുതുമണ്ണോ പുഷ്പിണിയായി
പുതുമണമാ കാറ്റിലൊഴുക്കി.

പൊന്‍മേഘം ഒഴുകിയകന്നു
പകലൊളിയും മങ്ങിയണഞ്ഞു,
പറവകളോ മയിലുകള്‍ താണ്ടി
പനയോലക്കൂട്ടിലൊളിച്ചു.

പാടത്തെ വെള്ളക്കെട്ടില്‍
പ്ലവഗധ്വനി മെല്ലയുയര്‍ന്നു,
പാലമരപ്പൂക്കള്‍ക്കൊപ്പം
പൊല്‍താരകള്‍ പൂത്തുലഞ്ഞു.

പൊന്നമ്പിളി പൊട്ടുകുത്തി
പൂമാനം ചമഞ്ഞൊരുങ്ങി,
പൂമാരനെ കാത്തിരിക്കും
പുതുപ്പെണ്ണിന്‍ നാണത്തോടെ.

പൂങ്കുയിലിന്‍ ഗാനലയത്തില്‍
പഴമകള്‍തന്‍ സ്മരണയുണര്‍ന്നു,
പുതുമകളുടെ പൂപ്പൊലികാണാന്‍
പുലരിക്കായ് കാത്തുറങ്ങാം.

ഒരു മരം നിറയെ കവിതയാണ്;


ഒരു മരം നിറയെ കവിതയാണ്;
വിത്തായി മണ്ണില്‍ പൊട്ടിവീണു,
മൃദുലമാമണ്ണിന്‍റെ ഉദരത്തിലായന്ന്
മഴ കാത്തിരൊന്നൊരു ഗര്‍ഭകാലം.


ഒരു മരം നിറയെ കവിതയാണ്;
മണ്ണിന്‍ കിലുകിലെ സംഗീതവും
അമ്മമരത്തിന്‍റെ ചില്ല കൊട്ടും
ഉള്ളിന്‍റെയുള്ളില്‍ കവിതയാകാം..


ഒരു മരം നിറയെ കവിതയാണ്;
മഴമേഘജാലം കനിവായ് നനയ്ക്കേ,
മുളപൊട്ടി മിഴിനീട്ടി വിണ്ണില്‍ നോക്കീ
സൂര്യദര്‍ശനം നേടിയ ശൈശവവും


ഒരു മരം നിറയെ കവിതയാണ്;
മഴ നനഞ്ഞൂ മണ്ണിന്‍ മണമറിഞ്ഞൂ
കാറ്റിന്‍ സുഗന്ധമന്നേറെയുണ്‍ടു,
സൂര്യനൂര്‍ജ്ജം പകര്‍ന്നതും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
കുളിരുമാക്കാറ്റിന്‍റെ താളം പിടി-
ച്ചിലക്കൈകള്‍ തനിയേയിളക്കിയാടി,
ആദ്യ ചുവടുകള്‍ വച്ചൊരു ബാല്യകാലം


ഒരു മരം നിറയെ കവിതയാണ്;
വീശുന്ന കാറ്റിനോടൈക്യം പറ-
ഞ്ഞിളകിയാടുന്ന പച്ചിലക്കൂട്ടങ്ങളിന്‍,
ദലമര്‍മ്മരം പോലും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ നീര്‍ത്തി വളര്‍ന്ന നാളില്‍,
കൂടുകൂട്ടി കിളികള്‍ കൂട്ടുകൂടി,
ഏറെ സ്വപ്നം മെനഞ്ഞ കൌമാരകാലം


ഒരു മരം നിറയെ കവിതയാണ്;
കൂട്ടിലെ പക്ഷികള്‍ മുട്ടയിട്ടു മെല്ലെ
മുട്ടകള്‍ക്കടയിരുന്നൂവിരിഞ്ഞ
ചെറു കിളികള്‍തന്‍ കലപില കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
മൂളുന്ന വണ്ടിന്‍റെ പാട്ടുകേട്ടു
നാണിച്ചു പൂവിതള്‍ കൂമ്പി നില്ക്കും
മധുരോന്മാദമാ യൌവ്വനവും.


ഒരു മരം നിറയെ കവിതയാണ്;
വര്‍ണ്ണാഭമാം മൃദു ദളങ്ങള്‍ തഴുകി
പ്രണയാര്‍ദ്രനായരുകില്‍ മൂളിപ്പറക്കും,
മധുപന്‍റെ പാട്ടും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
പ്രണയപരാഗിതപ്പൂക്കള്‍ കൊഴിഞ്ഞ്
കായ്കളായുള്ളില്‍ പുതുജീവനായ്
വിത്തുകള്‍ പൊട്ടും മാതൃത്വകാലം


ഒരു മരം നിറയെ കവിതയാണ്;
പൂവായ് വിരിഞ്ഞു കൊഴിഞ്ഞു വീണു,
കായായ് വിളഞ്ഞതില്‍ തുടികൊട്ടുമാ,
ജീവന്‍റെ സ്പന്ദനം കവിതയാകാം.


ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ ഏറെയും ചാഞ്ഞുണങ്ങി,
വേരു ദ്രവിച്ചു മരമുണങ്ങി;
മരണം മണക്കുന്ന വാര്‍ദ്ധക്യവും


ഒരു മരം നിറയെ കവിതയാണ്;
ഇലകള്‍ക്കൊഴിഞ്ഞും ചില്ലകള്‍ ചാഞ്ഞും
ബലഹീനമായൊരാ വേരുകള്‍ താങ്ങും
മരത്തിന്‍റെ ദീനത കവിതയാകാം...

വ്യഥതന്‍ ചഷകം






അച്ഛന്‍ പാനപാത്രമെടുത്തതില്‍
അമ്മതന്‍ കണ്ണീര്‍പുഴയൊഴുകി...
കണ്‍ടില്ലന്നായേറെ നടിച്ചു
കണ്ഠമതിടറി മക്കള്‍ കരഞ്ഞു...

ഒന്നും കണ്ടില്ലെന്നുവരുത്തി
അച്ഛന്‍ ലഹരി നിറക്കുന്നു...
ലഹരിപിടിച്ചിട്ടച്ഛന്‍ പതിവായ്
അമ്മയെ നോക്കി കരയുന്നു..

ഇല്ലെടിയിനിമേല്‍ കുടിയിനിയില്ല
നിന്നാണെ എന്നാണെ മക്കളാണെ...
കേട്ടുമടുത്തീ പല്ലവി പോലും
അച്ഛനു നിര്‍ത്താനാകില്ല

നിറഞ്ഞു തുളുമ്പും വ്യഥതന്‍ ചഷകം;
അമ്മതന്‍ ഹൃദയം വിതുമ്പുന്നു.
അച്ഛന്‍ കുടിയത് നിര്‍ത്തുകയെന്നാല്‍
അന്നാള്‍ ഗണപതികല്യാണം

ബാക്ക്‌ടോര്‍



പിന്‍വാതിലിലൂടവന്‍ നുഴഞ്ഞുകേറി...
എത്ര കുണ്ടാമണ്ടികള്‍ കാട്ടിയെന്നൊ?!...
ഫയലായ ഫയലെല്ലാം കാര്‍ന്നുതിന്നു പിന്നെ
കമ്പ്യൂട്ടര്‍ മുഴുവനും നാശമാക്കി.

അന്വേഷണം ചെയ്ത മേക്കഫി-പോലീസി-
നവനിന്നും പിടികിട്ടാപുള്ളിയത്രെ..
പേരും രൂപവും മാറിവെരും ഇവന്‍
'ബാക്ക്‌ടോര്‍ ട്രോജന്‍' വന്‍ഭീകരന്‍

പിന്‍വാതില്‍ ചരിത്രം


മുന്നിലെക്കുട്ടിയെ തള്ളിമാറ്റി എന്‍റെ

എല്‍.കെ.ജി. അഡ്മിഷന്‍ നേടീടുവാന്‍

അച്ഛന്‍റെ മുന്നില്‍ മലര്‍ക്കെ തുറന്നതാ

പിന്‍വാതില്‍ പാളികളായിരുന്നു...


പത്താം തരത്തിലെ ഫസ്റ്റ് ക്ലാസ്സിന്നായി..

അച്ഛന്‍ മുടക്കിയ നോട്ടുകളും

എത്തേണ്ട കൈകളേ തേടിയണഞ്ഞതും

പിന്‍വാതില്‍ പഴിതിലൂടായിരുന്നു..


പിന്‍വാതിലില്‍ അച്ഛന്‍ ബുദ്ധിമുട്ടി

എന്നെ എഞ്ജിനീറാക്കുവാന്‍ പാടുപെട്ടു...

കാശേറെ പിന്നെയും ചിലവഴിച്ചു

നല്ല സര്‍ക്കാരുദ്യോഗം തരപ്പെടുത്തി..

ഉദ്വേഗമൊടെ ഞാന്‍ കണ്ടറിഞ്ഞു..

പിന്‍വാതില്‍ മറവിലെ കച്ചവടം...

മണമറിഞ്ഞും-മധുരിച്ചുമല്‍പാല്‍പം

ഞാനും അറിഞ്ഞാ തിരുമധുരം


പിന്‍വാതില്‍ മറവിലൂടേറെ സമ്പാദിച്ചു

ഞാനോരു വന്‍മരമായ കാലം

വഞ്ചകന്‍ എതോ അസൂയാലു ഒരു നാള്‍

പൊടിയിട്ട നോട്ടു മായ് വന്നുചേര്‍ന്നു...


രഹസ്യപ്പോലീസെന്‍റെ കൈകഴുകി പിന്നെ

കയ്യാമം വെച്ചു വഴിനടത്തി...

തടവറിയില്‍ ഒരു പിന്‍വാതിലുമില്ലച്ഛന്‍

മുന്‍വാതിലില്‍ തന്നെ നിന്നു കേണൂ..




പദവിന്യാസം

പദവിന്യാസം




കറുത്ത രാവിന്‍റെ പദവിന്യാസം കെട്ടു..
ഭയന്നു ഞാനന്നുറങ്ങാതിരിക്കെ..
അരികത്തണഞ്ഞു..തഴുകിത്തലോടി..
ഉറക്കുമായിരുന്നെന്നെ മുത്തശ്ശി....

ആ സ്നേഹലാളനത്താഴിട്ടു പൂട്ടിയെന്‍
മനസ്സിന്‍ ഭയങ്ങളെ ദൂരെയാക്കി..
മുത്തശ്ശിപോയൊരാ കാലടിപ്പാടുകള്‍
തിരയുന്നു ഞാനീ കറുത്തരാവില്‍.

രാവിന്‍ പദസ്വനം കേള്‍ക്കവേ ഇന്നുള്ളില്‍
ഭയമല്ലൊരാനന്ദ കുളിരുകോരും,
മുത്തശ്ശിയമ്മതന്‍ കാലടിയൊച്ചപോല്‍
ഹൃദ്യമീന്നീ രാവിന്‍ പദവിന്യാസം

കപ്പല്‍ പോയ കപ്പിത്താന്‍

കപ്പല്‍ പോയ കപ്പിത്താന്‍
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.

കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...

അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..

ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!

അന്തരംഗം ഒരു ചതുരംഗം....


അന്തരംഗം ഒരു ചതുരംഗം....
കളിക്കാന്‍ ഞാന്‍ മാത്രം..
കാണാന്‍ ഒരു കൂട്ടം.
ഉപദേശികള്‍ ഒരു ലക്ഷം.

കറുപ്പും വെളുപ്പും കരുക്കള്‍.
കണ്ണിമയ്ക്കാതെ കളിക്കാം.
വെളുപ്പ്‌ തോറ്റാലും,
കറുപ്പ് ജയിക്കാതിരിക്കട്ടെ..

എഴുതിത്തെളിയാന്‍ കവിതാക്കളരി..!!
പ്രമേയസൂചന : ‘ചതുരംഗം’

'നാം ഭാരതീയര്'




മത്രുഭൂമിതന്‍ സ്വാതന്ത്ര്യം നേടി...
വന്ദേമാതര ഗീതി മുഴക്കി
അവര്‍ അന്നു ചൊല്ലി
'നാം ഭാരതീയര്'

മാതൃഭൂമിക്കായ് നെഞ്ച്‌വിരിച്ച്
രണാങ്കണത്തില്‍ പോരാടുമ്
ധീര ജവാന്മാര്‍ ഏറ്റ് ചൊല്ലി
'നാം ഭാരതീയര്'

രാജ്യസ്നേഹം ഉള്‍ക്കൊണ്ടിവിടെ...
മാതേതര ബോധം പങ്കു വെച്ചും...
വികസന വഴിയില്‍ കൈകള്‍ കോര്ത്തും
നമുക്കു ചൊല്ലാം ....
'നാം ഭാരതീയര്'

മതബോധനം.....2010




































സിന്ധു ദേശക്കാരാം മുനീവരറ്-
ക്കന്തരങ്കത്തിലീശന് കൊളുത്തിയ,
മന്ത്രങ്ങള് വേദങ്ങള് ഉപനിശത്തുക്കള്
സന്മാറ്ഗദീപമായ് അന്തരാത്മാവില്
കാത്തവര്, മര്‍ത്യര് ഒരു ഗണമായ്
ഹിന്ദുദേശക്കാരായ് ഒരു മതമായ്.

രാജധികാര സുഖങ്ങള് വെടിഞ്ഞ്
ദരിദ്ര ജീവിതം ഏറ്റ്‍വാങ്ങി
ബോധി വ്രിക്ഷച്ചോട്ടില് ഞാനോദയം കണ്ട്
ഗുരുവരനഹിംസയാല് ഊട്ടിവളര്‍ത്തിയ
ജനതതിയൊന്നായ് ഒരു മതമായ്..

അപ്പത്തിന് നാട്ടില് അയ്യായിരങ്ങള്‍ക്ക്
അപ്പം വീതിച്ച് വിളമ്പിയ നാഥന്,
സ്നേഹമായ്, വചനമായ് ഉലകില് വാണവന്,
സര്‍‍വ്വേശപുത്രന് ജീവന് ത്യജിച്ച്
ത്യാഗംചെയ്തുയര്‍ത്തിയ മര്‍ത്ത്യരൊന്നായ്
ഒരു നവജനമായ്, ഒരു മതമായ്..

ഹിന്തോലത്തിന് നാട്ടില് പ്രവാചകന്
ദൈവീക ദര്‍ശനം നേടിയ ദാസന്,
വചനത്തിന് ഗ്രന്ഥം മാലാഖയില് നിന്ന്
മര്‍ത്ത്യര്‍ക്കായ് എറ്റ് വാങ്ങിയ ശ്രേഷ്ടന്
ദാന-ധര്‍മ്മങ്ങളില് നിഷ്ടയായ് വാര്‍ത്ത
ജനപദമൊന്നായ് ഒരു മതമായ്..


പലദേശ-മത-സംസ്കാരങ്ങളെങ്കിലും
നാമെല്ലം ഈശനില് ഒന്നു തന്നെ.
ആ മതബോധനം നേടി നാം വാഴണം
ഭൂമിയില് ശാന്തി-സ്നേഹങ്ങള് നിറയ്ക്കണം…

മനസ്സ്..


മനസ്സ്..

അന്ധന്‍റ്റെ അകക്കണ്ണ്...
ബധിരന്‍റ്റെ കേള്‍വി...
ഊമന്‍റ്റെ വാക്ക്..
മുടന്തന്‍റ്റെ ശക്തി..

മനസ്സ്..

നാക്കിനും വാക്കിനും ഇടയില്‍ പാലം..
കണ്ണിനും ചിന്തയ്ക്കുമിടയില്‍ കണ്ണട..
നന്‍മയുടെ വഴിയില്‍ സാരഥി...
തിന്‍മയുടെ വഴിയില്‍ കടിഞ്ഞാണ്‍..

മനസ്സ്..

ആനന്ദത്തിന്‍റ്റെ കളിത്തട്ട്..
സ്വപ്നങ്ങളുടെ മണിച്ചെപ്പ്....
വ്യക്തിത്വത്തിന്‍റ്റെ സിംഹാസനം..
വേദനകളുടെ കുഴീമാടം...

മനസ്സുള്ളവന്‍ മനുഷ്യന്‍...
മനസ്സാക്ഷിയുള്ളവന്‍ മഹാന്‍...
മനസ്സ് ആര്‍ക്കും പണയം വെയ്ക്കരുത്...

ഓര്‍മതന്‍ പടവില്‍......




പഴയ ഓര്‍മതന്‍ പടവിലേക്കിനി
തിരികെയെത്തുവാന്‍ കഴിയുമോ....
പഴകിയെങ്കിലും ഓര്‍മകള്‍ക്കിന്നും..
മിഴിവതെത്രയെന്നോര്‍ത്തു ഞാന്‍..

ഹ്രിദയമാം വയലേലയില്‍ മൃദു-
സ്നേഹമെത്ര വിതച്ചൊരാള്‍.
കടുന്നു പോയ കാല്‍ പാടുകള്‍ പോലും..
നിനവില്‍ മായാതെ കാണ്മു ഞാന്‍

കല്ലും... മനുഷ്യനും....


കരിങ്കല്ലിനെ സ്നേഹിച്ച....
അമ്മയുടെ ഉദരത്തില്‍ ...
കരിമ്പിന്‍ തുണ്ടായ് ഞാന്‍ ജനിച്ചു....
ഞാന്‍ പിച്ച വച്ചു നടന്ന പാതയില്‍
നിറയെ കല്ലുകള്‍ ആയിരുന്നു.....
അമ്മയുടെ സ്നേഹം കല്ലുകള്ക്കു മീതെ
എന്നും പൂമെത്തായായി....

പിന്നെ പിന്നെ കല്ലുകളെ തട്ടി മാറ്റി
മുന്നേറാന്‍ ഞാന്‍ പടിച്ചു.....
കല്ലിനെ കളിക്കോപ്പാക്കിയും,
അയുധമാക്കിയും ഞാന്‍ വളര്ന്നു...
എന്റെ ഹൃദയവും കരിങ്കല്ലായതു...
പക്ഷെ ഞാന്‍ അറിഞ്ഞില്ല......
കരിങ്കല്ലുകള്‍ കൊണ്ടൂ ഭവനം പണിഞ്ഞു
ഞാന്‍ ഏറെ അഭിമാനും കൊണ്ടു...

"ആറടി മണ്ണിലെ കരിങ്കല്‍ കൊട്ടാരത്തില്‍
വാഴേണ്ടവനല്ലയോ നീ.....";
സ്വര്ഗത്തില്‍ നിന്നുള്ള വെളിപാടു..
കേള്ക്കാന്‍ വൈകിപ്പോയിരുന്നു.....
അപ്പോഴേക്കും...
ആറടി മണ്ണീലെ കരിങ്കല്‍കൊട്ടാരത്തിന്റെ
അധിപനായി അവര്‍ എന്റെ പിന്‍ഗാമികള്‍...
എന്നെ വാഴിചു കഴിഞ്ഞിരുന്നു.....

ഓണാശംസകള്‍.....



ഓര്‍മ്മകളില്‍ കുളിരേകി..
ഓണക്കാറ്റിലിളകുന്ന...
ഓളങ്ങളിലാനന്ദം...
ഓടക്കുഴല്‍ വിളിയായ്...
ഓഴുകുന്നെന്നകതാരില്‍...
ഒരുമതന്‍ മന്ത്രണമായ്...
ഒരായിരംസ്മരണകള്‍തന്‍
ഔദാര്യപൂവിളിയായ്...
ഓണക്കിളിപ്പാട്ട് കേട്ടു..
ഓണക്കളിയാരവമായി...
ഓണപ്പൂവിടര്‍ന്നു നീളെ..
ഓണക്കളമൊരുക്കിടേണ്ടേ....
ഓണക്കളിയോടം കായല്‍...
ഓളങ്ങളിലിളകും നേരം
ഓലക്കുടയേന്തിവരുന്നൊരു..
ഓണത്തപ്പനെയോര്‍ത്തീടാം
ഒപ്പം പ്രിയരേയും
ഓണാശംസകള്‍.....


സ്നേഹപൂര്‍വ്വം
ജിജോ

പ്രവാസം

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

പ്രവര്ത്തിക്കും നാളുകള്‍ എണ്ണിയെണ്ണി,
പ്രവര്ത്തിഫലങ്ങള്‍ കണക്ക് കൂട്ടും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പണമില്ല പിണമായി നാട്ടില്‍ നിന്നും .
പലരോട് കടമ്ക്കൊണ്ട് പറന്നുയരും .

പലവഴി പലതൊഴില്‍ ചെയ്തു വീണ്ടും ,
പഴയ പ്രതാപം വീണ്ടെടുക്കും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

തമസ്സിലെ സുഖം


ആദിയില്‍ ദൈവം തമസ്സില്‍ പ്രഭ പരത്തി...
തമസ്സിന്‍ സുഖം മടുത്തുകാണുമ്..ദൈവത്തിനു...
നാമൊ..ഈരുളില്‍ പിറന്നു
വെളിച്ചം കണ്ടു..
മടുത്തു മടുത്തു...
തമസ്സിന്‍ സുഖം തിരയുന്നു...
തമസ്സില്ലെങ്കില്‍ വെളിച്ചമോ...?!
വെളിച്ചമില്ലെങ്കില്‍ തമസ്സൊ ?!
ഏതാകാം ശരി....
അന്വേശിപ്പിന്‍ കണ്ടെത്തും ....
എന്നല്ലെ......
സുഖവും അങ്ങനെ തന്നെ......
അന്വേശിപ്പിന്‍ കണ്ടെത്തും ......

........
.....................
........................................
...................................................

കപ്പല്‍ച്ചേതം














രണ്ട്നാള്‍ കണ്ടു.
രണ്ടു നാള്‍ മിണ്ടി
ഓന്നാണു നമ്മളെന്നോതി..
രണ്ട് മാസം അവര്‍
ഒന്നായി വാണു..
നാടായ നാടുകള്‍ കണ്ടു.
ജീവിതക്കപ്പലിന്‍
അമരത്തിരുന്നുവര്‍
രണ്ടളുമൊന്നുചേര്‍ന്നാനന്ദിച്ചു
രണ്ടു നിമിഷത്തില്‍
ഊണ്ടായ കോപത്തില്‍
രണ്ടാളും അന്യോന്യം
മിണ്ടാതിരുന്നു...
രണ്ടു മണിക്കൂറിന്‍..
ഒടുവില്‍ പരസ്പരം
വാളോങ്ങി ര്ണ്ടാളും
തല്ലിപ്പിരിഞ്ഞു...
------------------
---------------------------------------------
ആ കപ്പല്‍ച്ചേതത്തിന്‍---------------
സ്മാരകമയൊരു...-----------
പുതുജീവന്‍ മന്നില്‍----
മുളയിട്ടിരുന്നു....-----
--------------

സ്മരണകള്‍ ഉണരുമ്പോള്‍


കുഞ്ഞുനാള്‍ ഓലപ്പുരയില്‍
ചിരട്ടപാത്രമാക്കി
മണലരിയാല്‍ ഒരൂണുതീര്‍-
ത്തിലക്കറികള്‍ ചാലി-
ച്ചച്ഛനുമമ്മയും കളിക്കവെ
എന്‍ കുഞ്ഞു മനസ്സറിഞ്ഞില്ല
പ്രണയമെന്തെന്ന്...

പുസ്തക കെട്ടും തോളിലേന്തി
പാഠശാല തേടി
ഒപ്പം നടന്നപ്പോളുമറിഞ്ഞില്ല
ഞാന്‍ പ്രണയമെന്തെന്ന്
പിന്നെ കാലം കടന്നു..
കൗമാരം തൊട്ടനാള്‍ അറിഞ്ഞു
ഞാന്‍ പ്രണയമെന്തെന്നു.

ഇത്രനാള്‍ എന്‍ കൂടെ ഓടി നടന്നവള്‍‍..
ഒപ്പം ചിരിച്ചു കളിച്ചു നടന്നവള്‍
അവളെ ഒരു പുതു സൃഷ്ടിപോല്‍
നോക്കി നിന്നുപോയ്‌...ഞാന്‍.

വാക്കുകള്‍ വഴിമുട്ടി, നോട്ടങ്ങളായി...
ശാഠ്യവും കുസ്രുതിയും. സ്വപ്നങ്ങളായി..
അന്നിഷ്ടങ്ങളന്യോന്യം ചൊല്ലി നടന്നവര്‍
ഇന്നിഷ്ടം പറയാതെ കാത്തു വെച്ചു...

പിന്നെന്നോ, പറയാതെ പറഞ്ഞൊരാ
പ്രണയ സാഫല്യത്തില്‍,
ഹൃദ്യമായ്‌ ജീവിതം പങ്കുവെച്ചു...

*******************
സ്മരണകള്‍ ഉണരുമ്പോള്‍
തമ്മില്‍ പറഞ്ഞും..
കളിയാക്കിയും അവര്‍ പ്രണയിക്കുന്നു.
പല്ലു കൊഴിഞ്ഞൊരാ മോണകാട്ടി പാവം
അപ്പൂപ്പനൊന്നൊന്നായ്‌ ഒര്‍ത്തു ചൊന്നു,
കൂടെ വെറ്റില തല്ലിക്കൊണ്ടമ്മൂമ്മയും
പഴമകള്‍ കേട്ടു രസിച്ചിരുന്നു....