പൂവേപൊലി പൂവേപൊലി
പൂവിളികളുമായി…
പൂക്കൂടയുമായി തൊടിയാകെയലഞ്ഞു..
പൂവാംകുരുന്നുകള്‍ മിഴിനീട്ടി നില്കും
പുലരിയില്‍ ഞാനോണ
പൂതേടിയ കാലം..
തെക്കേതൊടിയിലെ പച്ചിലകൂട്ടത്തില്‍
തൂവെളള പട്ടിട്ട ചേലൊത്ത പൂവ്
രാജകുമാരിയാം ഓമനപ്പൂവ്
തുമ്പപ്പൂവാകും കുരുന്നുപൂവ്
തറയില്‍ പടര്‍ന്നും തലതാഴ്ത്തി നിന്നും
നാണിച്ചു മിഴിപൂട്ടും പാവം പൂവ്
സൂര്യകിരണം പോല്‍ ഇതള് നീട്ടിടുന്ന
ചേലൊത്ത പൂവല്ലൊ തൊട്ടാവാടി…
വഴിയോരത്തൊഴുകും ചെറുതോടിന്‍ കരയില്‍,
പതുങ്ങി വളരുന്ന കറുത്ത പൂവ്
ഏഴഴകൊത്ത നാടന്‍ പൂവ്
ഇതളുകള്‍ നീട്ടും കാക്കപ്പൂവ്..
നിവര്‍ന്ന് നില്ക്കും തലയെടുപ്പോടെ
കുലകുലയായി കുരുന്നുപൂക്കള്‍..
തേനൂറും ഇതളുകള്‍ ചേലില്‍ നിവര്‍ത്തി
കാറ്റത്തിളകുന്നു തെച്ചിപ്പൂക്കള്‍...
മാവേലിനാടിന്‍ ഐശ്വര്യം പോലെ
മഞ്ഞക്കിളിയുടെ തൂവല്‍പോലെ
തിങ്ങി നിറയും പൂവിതള്‍ കാട്ടി..
കറ്റില്‍ ചാഞ്ചാടും ജമന്തിപൂവ്
വശ്യമനോജ്ഞ സുഗന്ധവുമായ്
വെള്ളപുടവയുടുത്തപോലെ..
പാലച്ചെടിയുടെ പൂഞ്ചില്ലയില്‍
പുഞ്ചിരിതൂകും പാലപ്പൂവ്
തിരയില്‍ ഇളകും കടല്‍ശംഖു പോലെ
കമനീയമാകും രൂപ ഭംഗി..
ആകാശ നീലിമ കടംകൊണ്ടാ വല്ലിയില്‍
ഇളകിയാടുന്നു ശംഖ് പുഷ്പം..
മിനുമിനെ മിന്നും നൂല്‍പന്തുപോലെ
മൃദുല മനോഹരിയായ പുഷ്പം
പൊള്ളുന്ന വെയിലിലും കാലങ്ങളോളം
തളരാതെ നില്കും വാടാമല്ലി…
ചോര നിറത്തില്‍ അഞ്ചിതളുകളോടെ
കൂട്ടത്തില്‍ വലിയൊരു പൂ ചിരിച്ചു..
പൂജയ്ക്കിറുക്കും ഏളിയപൂവ്..
അതിരില്‍ വളരുന്ന ചെമ്പരത്തി..
സുവര്‍ണ്ണക്കതിരു വിടര്‍ന്ന പോലെ
കേരവൃക്ഷാഗ്രത്തില്‍ വിടര്‍ന്നുലയും
നയനമനോഹരമായ ദൃശ്യം
വിടര്‍ന്ന് വിളങ്ങും തെങ്ങിന്‍പൂവ്
0 comments:
Post a Comment