നാട്ടു വിശേഷം

പൊന്‍കിരണം തഴുകിയണഞ്ഞു,
പുതുമഞ്ഞിന്‍ തുള്ളിയുണര്‍ന്നു.
പൂങ്കാറ്റ് തലോടും നേരം
പുല്‍ക്കൂട്ടം ചാഞ്ചാടുന്നു.

പൂങ്കുരുവികള്‍ തേന്‍ നുകരുമ്പോള്‍,
പൂച്ചെടികള്‍ ആനന്ദിച്ചു.
പുഴയൊഴുകും പാതയിലെല്ലാം
പരല്‍മീനുകള്‍ നിന്തി രസിച്ചു.

പൊല്‍താമര പൂവിനോടായ്
പൊന്‍ വണ്ടുകള്‍ കിന്നരിച്ചു,
പുഴു വലുതായ് പട്ടു ധരിച്ചു
പൂമ്പാറ്റയായ് പാറിനടന്നു.

പുള്ളിമാനുകള്‍ തുള്ളിച്ചാടും
പൂവനവും പൂളകിതമായി,
പ്രാവുകളുടെ കുറുകലിനോപ്പം
പാടുന്നാ കാട്ടരുവികളും.

പൊന്‍മയിലോ പീലിവിടര്‍ത്തി
പുതുമഴയും പെയ്തിറങ്ങി.
പുതുമണ്ണോ പുഷ്പിണിയായി
പുതുമണമാ കാറ്റിലൊഴുക്കി.

പൊന്‍മേഘം ഒഴുകിയകന്നു
പകലൊളിയും മങ്ങിയണഞ്ഞു,
പറവകളോ മയിലുകള്‍ താണ്ടി
പനയോലക്കൂട്ടിലൊളിച്ചു.

പാടത്തെ വെള്ളക്കെട്ടില്‍
പ്ലവഗധ്വനി മെല്ലയുയര്‍ന്നു,
പാലമരപ്പൂക്കള്‍ക്കൊപ്പം
പൊല്‍താരകള്‍ പൂത്തുലഞ്ഞു.

പൊന്നമ്പിളി പൊട്ടുകുത്തി
പൂമാനം ചമഞ്ഞൊരുങ്ങി,
പൂമാരനെ കാത്തിരിക്കും
പുതുപ്പെണ്ണിന്‍ നാണത്തോടെ.

പൂങ്കുയിലിന്‍ ഗാനലയത്തില്‍
പഴമകള്‍തന്‍ സ്മരണയുണര്‍ന്നു,
പുതുമകളുടെ പൂപ്പൊലികാണാന്‍
പുലരിക്കായ് കാത്തുറങ്ങാം.